ആലപ്പുഴ: ഈസ്റ്റര്‍, മറ്റ് ഉത്സവങ്ങള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുക്കുന്നതും ആളുകൾ ഒത്തുകൂടാനിടയുള്ള അവസരങ്ങൾ കൂടുന്നതും കോവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. കോവിഡ് രോഗ വ്യാപനത്തിൽ വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളും മുഖാമുഖം അടുപ്പത്തിലുള്ള ഇടപെടലുകളും പ്രധാന കാരണങ്ങളാണ്.

അതുകൊണ്ട് ഉത്സവങ്ങൾ, റാലികൾ, പ്രദർശന പരിപാടികൾ, ജാഥകൾ, അനുബന്ധമായുള്ള കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും രോഗ വ്യാപനം തടയാനാവശ്യമായ സർക്കാർ നിർദ്ദേശമനുസരിച്ചുള്ള പ്രതിരോധ സജ്ജീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കൂടാതെ വിവരങ്ങൾ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. കണ്ടയ്ൻമെന്റ് സോണുകളിൽ ഉത്സവം പോലെയുള്ള പരിപാടികൾ നടത്തരുത്.

65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതരരോഗമുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ ആളുകൾ കൂടുന്ന ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കണം. ചടങ്ങുകളിൽ സംബന്ധിക്കുന്ന എല്ലാവരും മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുകയും അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം. ഉത്സവപ്പറമ്പിലും പള്ളികളിലും ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ സംഘാടകർ കരുതലെടുക്കണം. സമുഹസദ്യ ഒഴിവാക്കുക.

അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത സദ്യ നടത്തേണ്ടതുണ്ടെങ്കിൽ ശാരീരിക അകലം ഉറപ്പിക്കുന്ന ഇരിപ്പിട ക്രമീകരണവും സമയക്രമീകരണവും ഉറപ്പാക്കുക. ആരാധനാലയങ്ങളിലെ പരികർമ്മികളും സന്ദർശകരും ഉള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചിരിക്കണം. ലക്ഷണങ്ങൾ ഉള്ളവർ അകത്ത് പ്രവേശിക്കരുത്.വിവിധ പ്രതലങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക. കൈകൾ സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കുക. പ്രതിഷ്ഠകൾ, വിശുദ്ധ ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ സ്പർശിക്കരുത്.