ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളുടെ വീടുകളിലെത്തിയുള്ള വോട്ടെടുപ്പില്‍ ജില്ലയിലെ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി 28,957 (93%) പേര്‍ വീടുകളില്‍ ഇരുന്ന് വോട്ട് രേഖപ്പെടുത്തി.

മാര്‍ച്ച് 27ന് ആരംഭിച്ച വോട്ടെടുപ്പ് ഏപ്രില്‍ ഒന്നിനാണ് അവസാനിച്ചത്. 80 വയസ് പിന്നിട്ടവര്‍, വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയവര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കിയത്.

വീടുകളില്‍ എത്തിയുള്ള വോട്ടെടുപ്പിന്റെ ആദ്യദിനത്തില്‍ മാര്‍ച്ച് 27ന് 3198 (12%) പേരാണ് ജില്ലയിലെ ഒന്‍പത് നിയമസഭ മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത്. രണ്ടാം ദിനമായ 28ന് 4986 പേരും 29ന് 5842 പേരും 30ന് 6399 പേരും 31ന് 5,237 പേരും അവസാന ദിനമായ ഏപ്രില്‍ ഒന്നിന് 3295 പേരുമാണ് വീടുകളില്‍ ഇരുന്ന് വോട്ട് ചെയ്തത്.

ഭിന്നശേഷി വിഭാഗത്തില്‍ ഏപ്രില്‍ ഒന്ന് വരെ 4643 (92%) വോട്ടുകളാണ് രേഖപ്പെടുത്തിയത്. ആദ്യ ദിനത്തില്‍ 528, രണ്ടാം ദിനത്തില്‍ 842, മൂന്നാം ദിനത്തില്‍ 818, നാലാം ദിനത്തില്‍ 951, അഞ്ചാം ദിനത്തില്‍ 887, അവസാന ദിനമായ ഏപ്രില്‍ ഒന്നിന് 617 വോട്ട് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

കോവിഡ് ബാധിതര്‍/ ക്വാറന്റൈനിലുള്ളവര്‍:

കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നീ വിഭാഗത്തില്‍ ആകെ 75 പേരാണ് വീടുകളില്‍ ഇരുന്ന് വോട്ടു രേഖപ്പെടുത്തിയത്. ആദ്യ ദിനം 12 പേരും രണ്ടാം ദിനം മൂന്ന് പേരും മൂന്നാം ദിനം മൂന്ന് പേരും നാലാം ദിനം 4 പേരും അഞ്ചാം ദിനം 27 പേരും അവസാന ദിവസം 26 പേരും വോട്ടു രേഖപ്പെടുത്തി.

80 വയസ് പിന്നിട്ടവരില്‍ ഏപ്രില്‍ ഒന്ന് വരെ 24239 ( 93% ) വോട്ടാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ആദ്യ ദിനം 2658 വോട്ടുകള്‍ രേഖപ്പെടുത്തി. രണ്ടാം ദിനം 4141 വോട്ടുകളും മൂന്നാം ദിനം 5021 വോട്ടുകളും നാലാം ദിനം 5444 വോട്ടുകളും അഞ്ചാം ദിനം 4323 വോട്ടുകളും ആറാം ദിനം 2652 വോട്ടുകളും രേഖപ്പെടുത്തി.

പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് ഈ വിഭാഗക്കാരുടെ വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള പോളിംഗ് ഓഫിസര്‍, അസിസ്റ്റന്റ് പോളിംഗ് ഉദ്യോഗസ്ഥര്‍, മൈക്രോ നിരീക്ഷകര്‍, വീഡിയോ ഗ്രാഫര്‍, പോലീസ് എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ പോളിംഗ് സംഘം വീടുകളില്‍ എത്തിയാണ് ഇവരുടെ വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും വിവരം അറിയിക്കുന്നുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹാവും തപാല്‍ വോട്ടിംഗ് സംഘത്തിനൊപ്പമുണ്ട്. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 232 തിരഞ്ഞെടുപ്പ് സംഘങ്ങളെയാണ് തപാല്‍ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്.

തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12ഡി ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയവരുമാണ് വീട്ടില്‍ ഇരുന്ന് വോട്ട് ചെയ്തത്.