കൊല്ലം: കോവിഡ് രണ്ടാം വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ 226 അധിക ബെഡ്ഡുകളും 60 ഐ.സി.യു ബെഡ്ഡുകളും സജ്ജമാക്കി. ശാസ്താംകോട്ട, കുണ്ടറ, നീണ്ടകര, കടയ്ക്കല്‍ താലൂക്ക് ആശുപത്രികളില്‍ അടിയന്തര സംവിധാനമുള്ള കോവിഡ് കോര്‍ണറുകള്‍ സജ്ജീകരിക്കും.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവ അത്യാവശ്യഘട്ടത്തില്‍ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും. രണ്ടു കോവിഡ് സെക്കന്‍ഡറി കെയര്‍ സെന്ററുകളും രണ്ട് കോവിഡ് ഫസ്റ്റ് ലെവല്‍ കെയര്‍ സെന്ററുകളും പുതുതായി ആരംഭിക്കും.
കോവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ 37 ആഴ്ചകള്‍ക്കുള്ളില്‍ ഉള്ളവരുടെ പ്രസവം, പ്രമേഹമുള്ള ഗര്‍ഭിണികളുടെ പരിചരണം എന്നിവ വിക്‌ടോറിയ ആശുപത്രിയിലും മറ്റുള്ളവരുടേത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും നടത്തും. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ്, നാഡി മിടിപ്പ് എന്നിവ നിരീക്ഷിക്കണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ അടിയന്തര ചികിത്സ തേടണം.
വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ കൈവശം 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ഉണ്ടെങ്കിലും ജില്ലയിലെത്തിയ ഉടന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. രോഗബാധയില്ലെങ്കിലും ഏഴുദിവസത്തെ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പരിശോധിക്കണം. ഒരു സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന കോവിഡ് പരിശോധനാഫലം പോസിറ്റീവായ ശേഷം ഉടന്‍ മറ്റൊരു ലാബില്‍ പരിശോധിച്ച് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടിയാലും ആദ്യഫലം അനുസരിച്ചുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ നിര്‍ദ്ദേശിച്ചു.