കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) പദ്ധതിക്ക് കീഴില്‍ സ്ത്രീകള്‍ക്ക് തെങ്ങുകയറ്റ പരിശീലനം നല്‍കി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 20 ദിവസം ജോലി ചെയ്ത 50 വയസിന് താഴെയുള്ളവരെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. അഞ്ച് ദിവസമാണ് പരിശീലനം. ഓരോ പഞ്ചായത്തുകളില്‍ നിന്നും 100 പേരെ വീതമാണ് എം.കെ.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര, കോട്ടുവള്ളി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി 500 പേര്‍ നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഇവരില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുത്ത 55 പേരാണ് തെങ്ങുകയറ്റ പരിശീലനത്തിനായി എത്തിയിട്ടുള്ളത്. 25 തെങ്ങുകയറ്റ യന്ത്രങ്ങളും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. കാര്‍ഷിക പ്രവൃത്തിയില്‍ തൊഴിലാളികളുടെ അഭാവം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം നല്‍കുന്നുണ്ട്. എല്ലാവരുടേയും പേരിലും 125 രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തതിന് ശേഷമാണ് പരിശീലനം ആരംഭിച്ചത്. 55 പേരും വടക്കാഞ്ചേരിയില്‍ വച്ച് ഗ്രീന്‍ ആര്‍മി നടത്തിയ ട്രെയിനിംഗില്‍ പങ്കെടുത്തവരാണ്. ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന തെങ്ങുകയറ്റം പരിശീലിപ്പിക്കുന്നതിനായി എത്തിയിരിക്കുന്നതും ഗ്രീന്‍ ആര്‍മിയിലെ വിലാസിനി, കൊച്ചുമേരി എന്നിവരാണ്. ഇത്തരം പദ്ധതികളും പരിശീലനങ്ങളും നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരാണ് ഗ്രീന്‍ ആര്‍മിയെ ചുമതലപ്പെടുത്തിയത്. തെങ്ങുകയറ്റം കൂടാതെ കിണറുകളെ മികച്ച ജലസ്രോതസാക്കി മാറ്റാന്‍ കഴിയുന്ന മഴപ്പൊലിമ നടപ്പാക്കുന്ന രീതിയിലും പരിശീലനം നല്‍കും. കിണര്‍ റീചാര്‍ജിംഗിന് ഗ്രീന്‍ ആര്‍മി നല്‍കിയ പേരാണ് മഴപ്പൊലിമ.
വാര്‍ഡ് തലം മുതല്‍ ആരംഭിക്കുന്ന വിവിധ ഗ്രൂപ്പുകളില്‍ നിന്നാണ് പദ്ധതിയുടെ ഘടന തുടങ്ങുന്നത്. പത്ത് പേരടങ്ങുന്ന ബയോ ആര്‍മിയാണ് വാര്‍ഡ്തലത്തിലെ ഗ്രൂപ്പ്. പത്ത് പേരുടെ തന്നെ ലേബര്‍ ഗ്രൂപ്പാണ് പഞ്ചായത്ത് തലത്തിലുള്ളത്. ഇങ്ങനെയുള്ള പത്ത് ലേബര്‍ ഗ്രൂപ്പുകള്‍ ഒരു പഞ്ചായത്തില്‍ ഉണ്ടാകും. ബ്ലോക്ക് തലത്തില്‍ ഇത് ലേബര്‍ ബാങ്ക് ആയി മാറും. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂലങ്ങള്‍ ലഭിക്കുന്നത് ലേബര്‍ ബാങ്കുകള്‍ വഴിയാണ്. പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന എട്ടോ പത്തോ പേരുടെ അപ്പെക്‌സ് ബോഡിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി ഒരു ചെയര്‍പേഴ്‌സണും സെക്രട്ടറിയും ഉണ്ടാകും. ലേബര്‍ ബാങ്കിന്റെ ജോയിന്റ് അക്കൗണ്ടിലേക്കാണ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള പണം എത്തുന്നത്. ഒരു തെങ്ങിന് 50 രൂപ നിരക്കിലാണ് കൂലി ലഭിക്കുന്നത്. ജോലി ചെയ്ത് ലഭിക്കുന്ന മുഴുവന്‍ പണവും ലേബര്‍ ബാങ്കില്‍ എത്തിക്കണം. പിന്നീട് ബാങ്ക് വഴിയായിരിക്കും പണം വിതരണം ചെയ്യുക. തെങ്ങു കയറ്റ യന്ത്രങ്ങളുടെ മെയിന്റനന്‍സിന് ആവശ്യമായ തുക എടുത്തതിന് ശേഷമായിരിക്കും ജോലിക്കാര്‍ക്ക് കൂലി വിതരണം ചെയ്യുന്നത്.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി കമലാകാന്ത പൈയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വുമണ്‍സ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍ മേല്‍നോട്ടം വഹിക്കുന്നു. മെയ് 21ന് ആരംഭിച്ച പരിശീലനം 25 ന് അവസാനിക്കും.