കണ്ണൂര്‍ : കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണയും സഹായവും നല്‍കുന്നതിനായി ജില്ലയില്‍ പ്രത്യേക കൗണ്‍സലിംഗ് സംവിധാനമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ പലരിലും ഭീതിയും ആശങ്കയും സൃഷ്ടിക്കാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഇതിനായി കൗണ്‍സലര്‍മാരുടെയും പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെയും സേവനം ലഭ്യമാക്കും. മാനസീകാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ കൗണ്‍സലിംഗിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും സേവനത്തിനായി വിളിക്കേണ്ട നമ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ജില്ലയില്‍ ആവശ്യത്തിനുള്ള ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാണെന്നും അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.