കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറാക്കിയിരിക്കുന്നത്. മെയ് രണ്ടിന് രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങുക. 8.30 മുതല്‍ ഇ.വി.എം മെഷീനുകളുടെ കൗണ്ടിങ് ആരംഭിക്കും.
ഓരോ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ശരാശരി അഞ്ച് ടേബിളുകള്‍ വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സര്‍വീസ് വോട്ടേഴ്സിന്റെ ഇ. റ്റി.പി.ബി(ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) സ്കാന്‍ ചെയ്യുന്നതിനായി ശരാശരി മൂന്ന് ടേബിളുകള്‍ വരെ സജ്ജീകരിച്ചിട്ടുണ്ട്. സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സെര്‍വര്‍, എ.ആര്.ഒ, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഓരോ കൗണ്ടിങ് ടേബിളിലും ഉണ്ടാവും.
ഇ.വി.എം കൗണ്ടിങ്ങിനായി ഓരോ മണ്ഡലത്തിലും 17 മുതല്‍ 21 വരെ ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടിംഗ് ടേബിളിലും ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സെര്‍വര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉണ്ടാവും. ഒബ്സെര്‍വര്‍മാര്‍ക്ക് നേരിട്ട് നിരീക്ഷണം നടത്തുന്നതിനായി ഒരു പ്രത്യേക ടീം തന്നെ ഓരോ കൗണ്ടിങ് സെന്ററിലുമുണ്ട്. ഇരുപത് ശതമാനം റിസര്‍വ് ജീവനക്കാരെ ഓരോ കൗണ്ടിംഗ് സെന്ററിലും നിയമിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റിവ് /രണ്ട് ഡോസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും ഹാജരാക്കണം.
കൗണ്ടിങ് കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് പോലീസ്, സ്റ്റേറ്റ് ആര്‍മ്ഡ് പോലീസ്, സി.എ.പി എഫ് എന്നിങ്ങനെ പോലീസിന്റെ ത്രീടയര്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലൂടെ മാത്രമേ ഉദ്യോഗസ്ഥരെയും കൗണ്ടിംഗ് ഏജന്റ് മാരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കായുള്ള രണ്ട് ഘട്ട പരിശീലനം നടന്നു. അവസാന ട്രയല്‍ ഇന്ന് (ഏപ്രില്‍ 30)നടക്കും. വോട്ടെണ്ണലിനു ശേഷം സീല്‍ ചെയ്ത മെഷീനുകളും ഇലക്ഷന് റെക്കോര്‍ഡുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുണ്ടയ്ക്കല്‍ ഉള്ള കേന്ദ്രത്തില്‍ പോലീസ് സംരക്ഷണത്തില്‍ സൂക്ഷിക്കും