ഇടുക്കി:   കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ വിവിധയിടങ്ങളിലായി നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കാറ്റത്ത് മേല്‍ക്കൂര പറന്ന് പോയും മരങ്ങള്‍ വീണുമാണ് പ്രധാനമായും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. ഏതാനും വീടുകളുടെ സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും റബര്‍, വാഴ, ജാതി, കൊക്കോ തുടങ്ങിയ കൃഷിയും നശിച്ചിട്ടുണ്ട്. ഇതോടൊപ്പം മരങ്ങള്‍ വീണ് വിവിധയിടങ്ങളിലായി ഒട്ടനവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് വീഴുകയും ലൈന്‍ പൊട്ടിപ്പോകുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിത ശ്രമത്തിന്റെ ഭാഗമായി പലയിടത്തേയും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. താമസ യോഗ്യമല്ലാതായ വീടുകളില്‍ നിന്നുള്ളവര്‍ സമീപത്തെ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താല്‍ക്കാലികമായി മാറി താമസിച്ചു. താലൂക്ക് – വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു. വീടുകളിലും കൃഷിയിടങ്ങളിലുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ തുടരുകയാണെന്നും അടുത്ത ദിവസങ്ങളിലേ പൂര്‍ണ്ണമായ വിവരം ലഭ്യമാകൂവെന്നും അധികൃതര്‍ അറിയിച്ചു.

ഉടുമ്പന്നൂര്‍ വില്ലേജില്‍ എട്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും നശിച്ചു. ചെപ്പുകുളം, മഞ്ചിക്കല്ല്, ഉടുമ്പന്നൂര്‍, ഉപ്പുകുന്ന്, ഏഴാനിക്കൂട്ടം എന്നിവിടങ്ങളിലായാണ് വീടുകള്‍ തകര്‍ന്നത്. വെള്ളിയാമറ്റം വില്ലേജില്‍ 13 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ചെപ്പുകുളം, കുടയത്തൂര്‍ മുതിയാമല, കൈപ്പ, വെള്ളിയാമറ്റം എന്നിവിടങ്ങളിലാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. അറക്കുളം വില്ലേജില്‍ നാല് വീടുകള്‍ക്ക് നാശം സംഭവിച്ചു. മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് വീടുകള്‍ തകര്‍ന്നത്.

ഇലപ്പള്ളി വില്ലേജില്‍ കണ്ണിക്കല്‍ ഭാഗത്ത് ഗ്രാമീണ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അന്ത്യന്‍പാറ ഭാഗത്ത് മൂലമറ്റം – വാഗമണ്‍ പാതയിലേക്ക് മരം ഒടിഞ്ഞ് വീണു. ആലക്കോട് വില്ലേജില്‍ 13 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കാരിക്കോട് നാലും കുടയത്തൂരില്‍ മൂന്നും വീടുകള്‍ക്ക് നാശം സംഭവിച്ചു. മുട്ടം, പുറപ്പുഴ, വണ്ണപ്പുറം വില്ലേജുകളില്‍ രണ്ട് വീടുകള്‍ വീതവും, മണക്കാട്, കുമാരമംഗലം, കരിമണ്ണൂര്‍ വില്ലേജുകളില്‍ ഓരോ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.