കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ടി. പി. ആര് നിരക്ക് 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദപല് നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പ്രതിവാര കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. അത് കൊണ്ട് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കും. ജില്ലയില്‍ നൂറോളം ടൂവീലറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്തു കഴിഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്ക് പിഴ മാത്രം നല്‍കാതെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി ഊര്‍ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന് പറഞ്ഞു.
ലോക്ക് ഡൗണിന് ശേഷം മാത്രമേ വാഹനങ്ങള്‍ തിരികെ നല്‍കുകയുള്ളൂ. മറ്റ് ജില്ലകളില്‍ നിന്ന് കോവിഡ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നവരെ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിക്കും. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്യാമ്പുകളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ഡി.സി.സി കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.