*ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് പാര്‍ശ്വവത്കൃത സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് അംഗവൈകല്യമുള്ള എട്ടു ലക്ഷത്തില്‍പരം പേരുള്ളതില്‍ ചലന വൈകല്യമുള്ളവര്‍ മാത്രം 2,63,000 പേരാണ്. ഇതില്‍ പട്ടികവിഭാഗക്കാര്‍ ഇരുപതിനായിരത്തോളം വരും. പുറംലോകത്തിന്റെ വെളിച്ചം അന്യമായവരെ കൈപിടിച്ച് മുഖ്യധാരയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം 280 പേര്‍ക്കാണ് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്നത്. അടുത്ത വര്‍ഷം ആയിരം പേര്‍ക്കു വാഹനം നല്‍കും.
ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. അതില്‍ പ്രധാനമാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പഠനമുറി പദ്ധതി. വീടുകളില്‍ പഠിക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിടിനോട് ചേര്‍ന്ന് 120 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള പഠനമുറി നിര്‍മിക്കാന്‍ രണ്ടു ലക്ഷം രൂപ അനുവദിക്കും. ഇത്തരത്തില്‍ 2500 പഠന മുറികള്‍ നിര്‍മിക്കും. പട്ടിക വര്‍ഗ വിഭാഗത്തിന് ഊരടിസ്ഥാനത്തില്‍ സാമൂഹ്യ പഠനമുറികള്‍ നിര്‍മ്മിക്കും. പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ ഗോത്രഭാഷയില്‍ പഠിപ്പിക്കാന്‍ അറിയുന്ന ടി.ടി.സി, ബി.എഡ് ബിരുദധാരികളായ പട്ടികവര്‍ഗക്കാരെ മെന്‍ഡര്‍ അധ്യാപകരയി നിയമിക്കും.
പട്ടിക വിഭാഗ കുടുംബങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ മൂന്നു ലക്ഷം രൂപ ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും.
പട്ടികവിഭാഗക്കാര്‍ക്ക് വിദേശത്ത് തൊഴിലിനു പോകാന്‍ യാത്രച്ചെലവിനത്തില്‍ അനുവദിച്ചിരുന്ന അമ്പതിനായിരം രൂപ ഒരുലക്ഷം രൂപയായി ഉയര്‍ത്തി. ഈ സാമ്പത്തികവര്‍ഷം ആയിരം പേര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കാന്‍ നടപടിയായി.
ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ പട്ടികവര്‍ഗ വിഭാഗക്കാരായ നൂറുപേര്‍ക്ക് പോലീസിലും എക്‌സൈസിലും നിയമനം നല്‍കി. അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ കുടുംബത്തിന് 18.25 ലക്ഷം രൂപയും സഹോദരിക്ക് പോലീസില്‍ ജോലിയും നല്‍കിയതായും മന്ത്രി അറിയിച്ചു.
സമൂഹത്തില്‍ പാര്‍ശ്വവത്കൃത സമൂഹത്തിനുനേരെ ഉയരുന്ന അരുതായ്മകള്‍ക്കുനേരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പൊതു സമൂഹം കൂടി ഉണരണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വൈവാഹിക പരസ്യങ്ങളില്‍ പോലും ഹീനമായ ജാതി അവഹേളനം ഉയരുന്ന പ്രവണതകള്‍ സമീപകാലത്തു വര്‍ധിച്ചു വരികയാണ്. സാംസ്‌കാരിക സമൂഹം ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തിലും നിയമനങ്ങള്‍ നടത്തുന്നതിലും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, കുടുംബക്ഷേമ, സാമൂഹികനീതി മന്ത്രി ഡോ. കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ,വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, എംഡി കെ. മൊയ്തീന്‍കുട്ടി, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
