ആലപ്പുഴ: കാര്‍ഷിക ഉല്പാദനത്തില് വര്‍ദ്ധനവ് ഉണ്ടായെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ഉത്പന്നങ്ങളും അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല ഉല്‍പ്പന്നങ്ങളുടേയും ഉത്പാദനം ഈ സീസണില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പൈനാപ്പിള്‍ പോലെയുള്ള കയറ്റുമതി ഉത്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങല്ല നിയന്ത്രണങ്ങള്‍ കാരണം കയറ്റി അയക്കാന്‍ സാധിക്കുന്നില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ലോക്ഡൗണ്‍ സാഹചര്യത്തില്‍ കെതച്ചക്ക വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഹോര്‍ട്ടികോര്‍പ്പ് വാഴക്കുളം അഗ്രോ പ്രൊസസ്സിംഗ് കമ്പനി വഴി സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇതിനകം 31 ടണ്‍ പൈനാപ്പിള്‍ സംഭരിച്ചു കഴിഞ്ഞു.
കപ്പയും ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. കൃഷിവകുപ്പിന്റെ അടിസ്ഥാന വില പദ്ധതി പ്രകാരം അംഗങ്ങളായിട്ടുള്ളവര്‍ക്ക് അടിസ്ഥാന വില ലഭിക്കും. വിശദ വിവരത്തിന് ജില്ലാ തലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ആരംഭിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടാം. ഫോണ്‍: 9447860263