തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ് കോവിഡ് റഫറല്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. കോവിഡിനു ശേഷമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോസ്റ്റ് കോവിഡ് റഫറല്‍ സെന്ററുകളിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ശാരീരിക മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന നിരവധിപേരുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കുന്ന ഇത്തരം സെന്ററുകള്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍ സലൂജ, വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാള്‍, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍ വിജയാംബിക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. വി.കെ പ്രിയദര്‍ശിനി എന്നിവര്‍ സംബന്ധിച്ചു.