ആലപ്പുഴ: രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച (മേയ് 31) നടക്കും. ഓരോ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമായ വാക്സിനുകളുടെ തോതും രജിസ്ട്രേഷൻ പൂർത്തീകരിച്ച ഭിന്നശേഷിക്കാരുടെ എണ്ണവും അനുസരിച്ച് ആൾക്കൂട്ടമുണ്ടാകാതെ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ച് വാക്സിൻ വിതരണംചെയ്യാനാണ്ക്രമീകരണമൊരുക്കിയിട്ടുള്ളത്
വാക്സിനേഷനായി എത്തേണ്ട സമയം അതത് കേന്ദ്രങ്ങളിൽനിന്ന് ആരോഗ്യപ്രവർത്തകർ അംഗനവാടി വർക്കർമാരെ അറിയിക്കും. അംഗനവാടി വർക്കർമാർ ഭിന്നശേഷിക്കാരെ വിളിച്ച് സമയം അറിയിക്കും. ഇതനുസരിച്ചാണ് ഭിന്നശേഷിക്കാർ വാക്സിനെടുക്കാൻ കേന്ദ്രത്തിൽ എത്തേണ്ടത്.
അംഗനവാടി വർക്കർമാരിൽ നിന്നുള്ള നിർദ്ദേശം ലഭിക്കാതെ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് ഭിന്നശേഷിക്കാർ എത്തേണ്ടതില്ല.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും നിയന്ത്രിത മേഖലയിലും മേയ് 31ന് വാക്സിനേഷൻ ഉണ്ടാകില്ല. വാക്സിനേഷൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാത്തവർക്ക് രജിസ്റ്റർ ചെയ്യാനുള്ള നടപടി അക്ഷയ കേന്ദ്രത്തിന്റെയോ ഗ്രാമപഞ്ചായത്ത് കോൾ സെന്ററിന്റെയോ സഹായത്തോടെ ഉണ്ടാകും.
ഭിന്നശേഷിക്കാർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ജില്ലാ സാമൂഹികനീതി ഓഫീസ് ഐ.സി.ഡി.എസ്. എന്നിവ ഏകോപിപ്പിക്കും. വാക്സിനേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഭിന്നശേഷിക്കാർക്ക് ജില്ലാതല കോൾ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 04772257900.