കാസർഗോഡ്: വിരമിക്കല്‍ ദിനത്തിലെ അപൂര്‍വതക്ക് സാക്ഷിയായി കാസര്‍കോട് കളക്ടറേറ്റ്. 13 ജില്ലാ കളക്ടര്‍മാരുടെ നിഴലായി കളക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിനെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി വീട്ടിലേക്ക് കൊണ്ട് വിട്ടത് ജീവനക്കാര്‍ക്കും കൗതുകമായി. സേവനത്തിന്റെ കാല്‍നൂറ്റാണ്ടിന് ശേഷമാണ് കാസര്‍കോട് ജില്ലയുടെ ഭരണസിരാ കേന്ദ്രത്തില്‍ നിന്നും ഡഫേദാര്‍ പ്രവീണ്‍ രാജ് പടിയിറങ്ങിയത്. 1997 ലാണ് കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പ്രവീണ്‍രാജ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഓഫീസ് അറ്റന്റന്റ് ആയി വിദ്യാനഗറിലെ കളക്ടറേറ്റില്‍ ചുമതലയേറ്റതില്‍ പിന്നെ സ്ഥാനക്കയറ്റമുണ്ടായതല്ലാതെ പ്രവീണ്‍രാജിന്റെ സേവന സ്ഥലം മാറിയിട്ടില്ല. ഒരേ സ്ഥലത്ത് കാല്‍നൂറ്റാണ്ട് കാലം ജോലി ചെയ്തതിനൊപ്പം ജില്ലയില്‍ വന്ന കളക്ടര്‍മാരുടെയെല്ലാം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു.
ആദ്യം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സത്യജീത് രാജന് ആയിരുന്നു ജില്ലാ കളക്ടര്‍. 15 വര്‍ഷം മുന്‍പാണ് വേഷത്തില്‍ മാറ്റം വരുന്നത്. വെള്ള യൂണിഫോമില്‍ തലപ്പാവും ചുവന്ന ക്രോസ് ബെല്‍റ്റും ധരിച്ച് ഡഫേദാറാകുന്നത്. മിന്‍ഹാജ് ആലം ആയിരുന്നു അന്ന് ജില്ലാ ഭരണാധികാരി. അതിന് ശേഷം ഏഴ് കളക്ടര്‍മാര്‍ മാറി വന്നു. ഏറ്റവുമൊടുവില്‍ ഡോ.ഡി.സജിത് ബാബുവിനൊപ്പം. തന്റെ വീട് കഴിഞ്ഞാല്‍ പ്രവീണ്‍ രാജ് ഏറെയും സമയം കഴിച്ചു കൂട്ടിയത് കാസര്‍കോട് കളക്ടറേറ്റിലാണ്. ഭാര്യം ആശക്കൊപ്പം വിശ്രമജീവിതത്തിലേക്ക് നീങ്ങുമ്പോള്‍ എന്നും ഓര്‍മ്മിക്കാന്‍ സഹൃദയരായ നിരവധി ഐ.എ.എസ് ഓഫീസര്‍മാരുടെ സൗഹൃദം കൂടെയുണ്ട്.