കൊച്ചി: ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പുളിമരം നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഹരിത പെരുമാറ്റച്ചട്ടം പ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ഏറ്റുചൊല്ലുകയും ചെയ്തു. തുടര്‍ന്ന് പരിസ്ഥിതിദിന സന്ദേശവും നല്‍കി.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് ഓഫീസും പരിസരവും ശുചിയാക്കി. ബ്ലോക്ക് ഓഫീസ് പരിസരത്ത് വച്ച് പിടിപ്പിക്കാനായി വൃക്ഷത്തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ നഴ്‌സറിയില്‍ നിന്നാണ് തൈകള്‍ ശേഖരിച്ചത്. അടുത്ത ദിവസങ്ങളില്‍ ഇവ നടുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബി.ഡി.ഒ. ലിജുമോന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.