ആലപ്പുഴ: കോവിഡിൻറെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളുടെ സുരക്ഷയും ചികിത്സാസൗകര്യങ്ങൾക്കുമായി ആശുപത്രികൾ പൂർണ സജ്ജമാക്കണമെന്ന് എച്ച്. സലാം എം.എൽ.എ. പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നീ ആശുപത്രി അധികൃതരുടേയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആശുപത്രികളിൽ കുട്ടികൾക്കായി 25 ഐ.സി.യു. കിടക്ക ഉൾപ്പെടെ 115 കിടക്കകളും, ഗർഭിണികൾക്കായി 30 കിടക്കകളും സജ്ജീകരിക്കും.

അടിയന്തരമായി വാങ്ങേണ്ട ഉപകരണങ്ങൾ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ എത്രയും വേഗം സജ്ജീകരിക്കുന്നതിന് ഡി.എം.ഒ. (ആരോഗ്യം)യെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജരേയും ചുമതലപ്പെടുത്തി. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, എൻ.എച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ആർ. രാധാകൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജമുന വർഗീസ്, ഡോ. സാംജി, നോഡൽ ഓഫീസർ ഡോ. ഷബീർ മുഹമ്മദ്‌, ആർ.എം.ഒ. ഡോ.ദീപു എസ്. നായർ എന്നിവർ പങ്കെടുത്തു.