– 100 ദിവസത്തിനുള്ളിൽ അമ്പലപ്പുഴയെ ഇ-താലൂക്ക് ആക്കും

– ഡിജിറ്റൽ സർവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമം

ആലപ്പുഴ: അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട് വില്ലേജുകളാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനായി വില്ലേജ്, താലൂക്ക്, കളക്‌ട്രേറ്റ് ഓഫീസുകൾ സന്ദർശിച്ച ശേഷം റവന്യൂ ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പോക്കുവരവ് അടക്കം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിജിറ്റൽ സർവേയടക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. മൂന്നുവർഷത്തിനുള്ളിൽ റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാൻ സമ്പൂർണ ഇ-സേവനം നൽകുന്ന പോർട്ടൽ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. വില്ലേജ് ഓഫീസുകളിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കും. ഫയലുകളടക്കം എല്ലാം ഡിജിറ്റൈലസ് ചെയ്ത് ഇ-ഓഫീസ് സംവിധാനമൊരുക്കി 100 ദിവസത്തിനകം അമ്പലപ്പുഴയെ ഇ- താലൂക്ക് ആക്കി മാറ്റും. ജില്ലയിൽ 24 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. വില്ലേജ് ഓഫീസുകളെ സ്മാർട് ആക്കുന്നതിനായി ഉദ്യോഗസ്ഥർ കൃത്യതയാർന്ന നടപടികൾ സ്വീകരിക്കണം. സ്മാർട് വില്ലേജ് ഓഫീസുകൾ സ്ഥാപിക്കുന്നതിനായി എം.എൽ.എ.മാരുടെ യോഗം ചേരും. റവന്യൂ, സർവേ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ആഴ്ചയിലും ഉന്നതഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്തു ചേരും. എല്ലാ മാസവും കളക്ടർമാരുടെ യോഗവും രണ്ടു മാസത്തിലൊരിക്കൽ റവന്യൂ മന്ത്രി നേരിട്ട് പങ്കെടുത്ത് തഹസിൽദാർമാരുടെ യോഗവും ചേരുമെന്ന് മന്ത്രി സൂചിപ്പിച്ചു.

സർവേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രവർത്തന പദ്ധതി തയാറാക്കണം. അർഹരായവർക്ക് പട്ടയം കൊടുക്കുന്നതിനൊപ്പം കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരികെ പിടിക്കണം. ഓൺലൈൻ സേവനങ്ങൾ ഫലപ്രദമായി നൽകുന്നതിന് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി മെച്ചപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്തിന് ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും നിയമപരമായി ഫയലുകളിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയവർക്ക് സഹായം ലഭിച്ചതടക്കമുള്ള വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനുള്ള വെബ്‌സൈറ്റ് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയാറാക്കുന്നുണ്ട്. രണ്ടാം കുട്ടനാട് പാക്കേജ് ഫലപ്രദമായും കൃത്യതയോടെയും നടപ്പാക്കുന്നതിന് ജാഗ്രതയോടെ പ്രവർത്തിക്കണം. ഒന്നാം പാക്കേജിന്റെ പോരായ്മകളൊന്നും ഉണ്ടാകാൻ പാടില്ല. റീസർവേ, നദികളിലെ എക്കൽ മാറ്റൽ, പുലിമുട്ട് നിർമാണം, തീരസംരക്ഷണം അടക്കമുള്ള വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറുതനയിലെ മൂന്നുനില ദുരിതാശ്വാസ കേന്ദ്രം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു. ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസും അമ്പലപ്പുഴ താലൂക്ക് ഓഫീസും മന്ത്രിയും കളക്ടറും സന്ദർശിച്ചു. ഓഫീസിലെ സൗകര്യങ്ങൾ വിലയിരുത്തി. ജീവനക്കാരുമായും വിവിധ സേവനങ്ങൾക്കായി ഓഫീസിലെത്തിയ ജനങ്ങളോടും സംസാരിച്ചു. വില്ലേജ് ഓഫീസുകളിലും താലൂക്കിലും വേണ്ട സൗകര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.

കളക്‌ട്രേറ്റിൽ നടന്ന യോഗത്തിൽ ജില്ല കളക്ടർ എ. അലക്‌സാണ്ടർ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, ഡെപ്യൂട്ടി കളക്ടർമാരായ ആശ സി. എബ്രഹാം, എസ്. സന്തോഷ് കുമാർ, എസ്. സന്ധ്യാദേവി, ആന്റണി സ്‌കറിയ, എസ്. ശ്രീലത, ജസിക്കുട്ടി മാത്യു, ചെങ്ങന്നൂർ ആർ.ഡി.ഒ. എൻ. സാജിത ബീഗം, ശിരസ്തദാർ കെ.ആർ. മനോജ് എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ തഹസിൽദാർമാരായ പി. ജോൺ വർഗീസ്, സി. പ്രേംജി, പി. സുനിൽ കുമാർ, റവന്യൂ ജീവനക്കാർ എന്നിവർ പങ്കെടുത്തു.