തിരുവനന്തപുരം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
കടുത്ത പനി, തലവേദന, പേശി വേദന, വിറയല്‍ എന്നിവയും കണ്ണിനു ചുവപ്പ്, മൂത്രത്തിനു മഞ്ഞനിറം തുടങ്ങിയവയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യചികിത്സ ലഭിക്കും.
കൃഷിയിടങ്ങളിലും മലിനജലത്തിലും ജോലി ചെയ്യുന്നവര്‍ കാലുറ, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മലിന ജലത്തില്‍ മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി ജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന ജോലി ചെയ്യുന്നവര്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഭക്ഷണത്തിനുശേഷം കഴിക്കണം. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും.
എലി പെരുകുന്നത് ഒഴിവാക്കാന്‍ ഭക്ഷണസാധനങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും ചപ്പുചവറുകള്‍ കുന്നുകൂടാതിരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധവയ്ക്കണം. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങി കളിക്കാതിരിക്കുവാനും ഇറങ്ങി മീന്‍ പിടിക്കാതിരിക്കുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.