കോവിഡ് പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസനവകുപ്പ് ക്ഷീരസംഘങ്ങള്‍ മുഖേന സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്നു. ക്ഷീരവികസന വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ 2021 ഏപ്രില്‍ മാസത്തില്‍ പാലളന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ 50 കിലോയുള്ള ചാക്ക് ഒന്നിനു 400 രൂപ ക്ഷീരവികസനവകുപ്പില്‍ നിന്നും സബ്‌സിഡി ആയി ലഭിക്കും. ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 6315 ചാക്ക് മില്‍മ ഗോള്‍ഡ് കാലിത്തീറ്റയും 4778 ചാക്ക് കേരളാ ഫീഡ്‌സ് എലൈറ്റുമുള്‍പ്പെടെ ആകെ 11093 ചാക്ക് കാലിത്തീറ്റയാണ് ചാക്കൊന്നിനു 400 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. സംഘത്തില്‍ പാലളക്കുന്ന കര്‍ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കാലിത്തീറ്റ വിതരണം ചെയ്യുക. ജില്ലയില്‍ 8579 ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷീരസംഘത്തില്‍ 10 ലിറ്റര്‍ വരെ പാല്‍ നല്‍കിയ കര്‍ഷകരെ കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് പരമാവധി ഒരു ചാക്ക് കാലിത്തീറ്റയും 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ നല്‍കിയ കര്‍ഷകരെ കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരമാവധി രണ്ട് ചാക്ക് കാലിത്തീറ്റയും 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്ന കര്‍ഷകരെ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരമാവധി മൂന്ന് ചാക്ക് കാലിത്തീറ്റയുമാണ് ലഭിക്കുക.