ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന എലിഞ്ഞിപ്ര സി എച്ച് സിയില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ ഒന്നര വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന ഐ പി യാണ് വീണ്ടും ആരംഭിച്ചത്. കോവിഡിനെത്തുടര്‍ന്ന് കിടത്തി ചികിത്സയ്ക്ക് പകരമായി ഇതുവരെ രോഗികളെ
നിരീക്ഷണത്തിലിരുത്തി വിട്ടയക്കുകയായിരുന്നു.18 ബെഡുകളാണ് ഇവിടെ കിടത്തി ചികിത്സയ്ക്കുള്ളത്. അസിസ്റ്റന്റ് സര്ജന്മാരായ രണ്ട് പേരും എന്‍ എച് എമ്മിന്റെ രണ്ട് ഡോക്ടര്‍മാരുമാണ് ഒ പി യില്‍ രോഗികളെ പരിശോധിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് ഒ പി. ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറ് മണി വരെ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുള്ള ഡോക്ടറുടെ സേവനം നല്കുന്നു.കിടത്തി ചികിത്സ പുനരാരംഭിച്ച സാഹചര്യത്തില്‍ ഡോക്ടറെ കാണാന്‍ വരുന്നവര്‍ക്ക് കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ പഴയത് പോലെ നല്കാന് കഴിയുമെന്ന് സൂപ്രണ്ട് ഷോബി ജോര്‍ജ് പറഞ്ഞു.