പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കള്‍ക്കായി പ്രസിദ്ധീകരിക്കുന്ന നന്മ പൂക്കുന്ന നാളേയ്ക്ക് എന്ന കൈപ്പുസ്തകം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പ്രകാശനം ചെയ്തു. തിരുവല്ല നഗരസഭാ ഹാളി ല്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ കെ.വി.വര്‍ഗീസ് കൈപ്പുസ്തകം ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസം മുന്നോട്ടുവയ്ക്കുന്ന ശിശുകേന്ദ്രീകൃതമായ വിദ്യാഭ്യാസ കാഴ്ചപ്പാട് ശരിയായി മനസ്സിലാക്കാനും പൊതുവിദ്യാലയങ്ങള്‍ കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ശരിയായ അറിവ് രക്ഷിതാക്കളില്‍ എത്തിക്കാനുമാണ് എസ്സിഇആര്ടി തയാറാക്കിയ ഈ പുസ്തകം എസ്എസ്എ വഴി എല്ലാ സ്കൂളുകളിലും വിതരണം ചെയ്യുന്നത്. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്.വിജയമോഹനന്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ എ.പി.ജയലക്ഷ്മി, പി.എ.സിന്ധു, ബിആര്‍സി കൊ-ഓര്‍ഡിനേറ്റര്‍ പ്രജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
