വയനാട്: കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക ജില്ലയായ വയനാട്ടില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് സ്മാര്‍ട്ട് അങ്കണ്‍വാടികളുടെയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറപ്പി യൂണിറ്റിന്റെയും ഉദ്ഘാടന പ്രഖ്യാപനം നാളെ (വ്യാഴം 07/07/21) നടക്കും. വൈകീട്ട് 5.30 ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം പി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.

എം.പിമാരായ എളമരം കരിം, എം.വി ശ്രേയാംസ് കുമാര്‍, എം.എല്‍.എമാരായ ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു തുടങ്ങിയവര്‍ ചടങ്ങില്‍ ഓണ്‍ലൈനായും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍, അതത് തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ നേരിട്ടും പങ്കെടുക്കും. തുടര്‍ന്ന് 19-ാം തീയ്യതി അതത് ഗ്രാമ പഞ്ചായത്തുകളുടേയും ഐ.സി.ഡി.എസ് ന്റേയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ അംഗണ്‍വാടികളും ഫിസിയോ തേറാപ്പി യൂണിറ്റും തുറന്ന് കൊടുക്കും.

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം 2019 -20 പദ്ധതിയുടെ ഭാഗമായാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീമില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആരോഗ്യ കേന്ദ്രവും അങ്കണവാടികളും നിര്‍മിച്ചത്. കാപ്പംകൊല്ലി (മേപ്പാടി ഗ്രാമപഞ്ചായത്ത്), അമ്പതേക്കര്‍ (നൂല്‍പ്പുഴ ഗ്രാ.പ), വരദൂര്‍ (കണിയാമ്പറ്റ ഗ്രാ.പ), കരയോത്തിങ്കല്‍ (തവിഞ്ഞാല്‍ ഗ്രാ.പ) എന്നിവിടങ്ങളില്‍ പുതുതായി നാല് സ്മാര്‍ട്ട് അംഗണ്‍വാടികളുടെ നിര്‍മ്മാണം 120 ലക്ഷം രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഫിസിയോതെറപ്പി യൂണിറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപ ചെലവഴിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രയാണ് സമയബന്ധിതമായി ഗുണനിലവാരത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.

രാജ്യത്ത് വയനാട് ഉള്‍പ്പെടെ 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഏകോപനവും സഹകരണവും വികസന രംഗത്ത് ജില്ലകള്‍ തമ്മിലുളള ആരോഗ്യകരമായ മത്സരവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.