നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ
തലോർ കുന്നിശ്ശേരി റോഡിന്റെയും മണലി- മടവാക്കര റോഡിന്റെയും ഉദ്ഘാടനം എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു.നെന്മണിക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. മുൻ പുതുക്കാട് എം എൽ എ പ്രൊഫ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിനുള്ള തുക വകയിരുത്തിയത്.കൊടകര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ മണലി- മടവാക്കര റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 70 ലക്ഷം രൂപയാണ് വകയിരുത്തിയത്. റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്. റോഡ് റീടാറിങ്, ഇൻറർലോക്ക് കട്ട വിരിക്കൽ, റോഡ് കോൺക്രീറ്റിങ് എന്നീ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. 2018, 2019 കാലഘട്ടത്തിലെ വെള്ളപ്പൊക്കത്തിൽ കൂടുതൽ നാശനഷ്ടം സംഭവിച്ച ഭാഗങ്ങളിൽ 75 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തു. 190 മീറ്റർ 100 എം എം ഇൻറർലോക്കിങ് കട്ട വിരിച്ചു. 1230 മീറ്റർ റീ ടാറിങ് ചെയ്ത് കട്ട വിരിച്ച ഭാഗങ്ങളിൽ ഐറിഷ് ഡ്രയിൻ ചെയ്തു. 107 മീറ്റർ നീളത്തിൽ ഹാൻഡ് റെയിൽ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.
തലോർ- കുന്നിശ്ശേരി റോഡിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. കാലാവസ്ഥ വ്യതിയാനം മൂലവും റോഡിലൂടെയുള്ള വർധിച്ച ഗതാഗതം മൂലവും റോഡിൻ്റെ പുനരുദ്ധാരണം അനിവാര്യമായ സാഹചര്യത്തിലാണ്
പദ്ധതി ആവിഷ്കരിച്ചത്. പ്രസ്തുത റോഡിൻറെ 995 മീറ്റർ നീളത്തിൽ റീ ടാറിങ് പ്രവർത്തികളും 171 മീറ്റർ നീളത്തിൽ 80 എം എം കനമുള്ള ഇൻറർലോക്ക് കട്ടകളും വിരിച്ചു. റോഡിന്റെയും കട്ട വിരിച്ച ഭാഗങ്ങളിലെയും വശങ്ങളിൽ 330 മീറ്റർ ഐറിഷ് ഡ്രയിനും ചെയ്തു.ചടങ്ങിൽ കൊടകര ബ്ലോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ആൻറണി വട്ടോളി പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല മനോഹരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി ടി വിജയലക്ഷ്മി,ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.