ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ 2942 വീടുകള്‍ പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ആകെ 3871 വീടുകളാണ് ജില്ലയില്‍ പൂര്‍ത്തികരിക്കാന്‍ ലക്ഷ്യമിടുന്നത്. 76 ശതമാനമാണ് ഇതുവരെയുള്ള നേട്ടം.
ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഭവനനിര്‍മാണത്തിനായി ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി സിമന്റ് കട്ടകള്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഉദേ്യാഗസ്ഥരും പങ്കെടുത്തു.
എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകള്‍ക്ക് റവന്യൂ വക ഭൂമി അനുയോജ്യമായ മേഖലയില്‍ ലഭ്യമാണെങ്കില്‍ സിമന്റ് കട്ടകള്‍ നിര്‍മിക്കുന്ന യൂണിറ്റ് ഇവിടെ ആരംഭിക്കുന്നതിന് മൂന്നു വര്‍ഷത്തേക്ക് താത്കാലിക അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഗുണഭോക്താക്കള്‍ക്ക് ഈ മാസംതന്നെ കരാര്‍ പ്രകാരം ആദ്യഗഡു തുക നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തുകള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷന്‍ എം.ഐ.എസ് വഴി ഈ മാസം 16 ഓടെ അനുമതി നല്‍കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണം.
എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട യൂണിറ്റ് രൂപീകരിക്കുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും.
ലൈഫ് മിഷന്‍ ജില്ലാ പ്രോജക്റ്റ് ഡയറക്ടര്‍ എ.ലാസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, തൊഴിലുറപ്പ് പദ്ധതി നോഡല്‍ ഓഫീസര്‍, സഫീര്‍, ലൈഫ്മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. പ്രദീപ് തുടങ്ങിയവരും പങ്കെടുത്തു.