രക്തം ലഭിക്കാത്തതുമൂലം ഒരാള്‍ക്കും ജീവന് നഷ്ടപ്പെടുന്നത് ഒഴിവാക്ക പ്പെടേണ്ടതാണെന്നും ഇതിന് യുവജനങ്ങള്‍ രക്തദാനസേനയായി മാറണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. രക്തദാതാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നത് ആരോഗ്യ ശീലമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യയുടെ ഒരു ശതമാനം യൂണിറ്റ് രക്തം ഒരോ വര്‍ഷവും ആവശ്യമുണ്ട്. സമൂഹത്തില്‍ ഏറ്റവും സുരക്ഷിതമായ രക്തം യുവജന ങ്ങളുടെ ശരീരത്തിലായതിനാല്‍ ആരോഗ്യകരമായ രക്തം സമൂഹത്തില്‍ ഉറപ്പു വരുത്താന്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്’ പറഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു അധ്യക്ഷത വഹിച്ചു.
99 തവണ രക്തം ദാനം ചെയ്ത പാല ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം, 30 തവണ ദാനം ചെയ്ത എന്‍സിസി ഓഫീസര്‍ ലഫ്. സതീഷ് തോമസ്, കഴിഞ്ഞ വര്‍ഷത്തില്‍ നാലു തവണ രക്തം ദാനം ചെയ്ത പെണ്‍കുട്ടി എന്ന വിഭാഗത്തില്‍ രാജിവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് വിദ്യാര്‍ത്ഥിനി എം.വി അനുശ്രീ എന്നിവരെ അനുമോദിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ആര് രാജന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: വ്യാസ് സുകുമാരന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യന്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ജോജോ കെ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡിനോയ് കവളമ്മായ്ക്കല്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രസീത മാത്യു, കുറവിലങ്ങാട് എക്സിക്യൂട്ടിവ് ക്ലബ് പ്രസിഡന്റ് സിറിയക് പാറ്റാനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്തദാന ക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു.
