ഇടുക്കി:പൊതു ജലാശയത്തിലെ ശുദ്ധജല മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം’ പരിപാടി കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തി.

മലങ്കര ജലാശയത്തിലെ വയനക്കാവ് കടവില്‍ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥാ വ്യതിയാനം, അമിത ചൂഷണം എന്നീ കാരണങ്ങളാല്‍ നശിച്ച് കൊണ്ടിരിക്കുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഉള്‍നാടന്‍ മത്സ്യ ബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതു ജലാശയത്തില്‍ മത്സ്യവിത്ത് നിക്ഷേപം പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത് അംഗം ബിന്ദു സിബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ ഡോ. ജോയിസ് എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ അന്‍സാര്‍, അജിത്ത്, പ്രദീഷ് എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് എഫ്.ഡി.ഒ. രാജു.സി. സ്വാഗതവും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ചന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. പോളച്ചിറ നാഷ്ണല്‍ ഫിഷ് സീഡ് ഫാമില്‍ നിന്നുള്ള രണ്ട് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് കുടയത്തൂരില്‍ നിക്ഷേപിച്ചത്.