എറണാകുളം: വടുതല ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ മറന്നു പോയ കാർഷിക ഓർമ്മകളിലേക്കായി ഒരു യാത്ര സംഘടിപ്പിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് സെൻ്റ് ജോസഫ് ബോയിസ് ഹോമിലെ വിദ്യാർത്ഥികളുടെ കൃഷിയിടങ്ങളും കൈതാരത്തെ പൊക്കാളിപ്പാടങ്ങളും ഇവർ സന്ദർശിച്ചു. സ്കൂൾ മുറ്റത്ത് കുട്ടികൾ ഗ്രോബാഗിൽ പച്ചക്കറി കൃഷി ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പരിശീലന പരിപാടിയും നടന്നു.
പച്ചക്കറി കൃഷി, കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷി, ഓണക്കാല പുഷ്പ്പ കൃഷി, കരനെൽ കൃഷി, മത്സ്യകൃഷി മുതലായവ ബോയ്സ് ഹോമിലുണ്ട്. കൂടാതെ ഇരുപതോളം നാടൻ പശുക്കളെയും ഇവിടെ വളർത്തുന്നുണ്ട്. അൻപതോളം വീടുകളിലേക്ക് ഇവയിൽ നിന്ന് ലഭിക്കുന്ന പാൽ നൽകി വരുന്നു. കൃഷി വകുപ്പിൻ്റെ ‘ സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി’ പദ്ധതിയിലൂടെയാണ് ഈ നേട്ടങ്ങൾ ഇവർ സ്വന്തമാക്കിയത്. കർഷകർക്ക് ആവശ്യമായ ജൈവ വളക്കൂട്ടുകളും കുട്ടികൾ ഇവിടെ നിർമ്മിക്കുന്നുണ്ട്.
ബോയ്സ് ഹോമിലെ കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് കൈതാരത്തെ പൊക്കാളി കൃഷിയും നടക്കുന്നത്. പത്ത് ഏക്കറിലുള്ള കൃഷിക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടീൽ വസ്തുക്കൾ സൗജന്യമായി ലഭിച്ചു. ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് മറ്റ് ചെലവുകൾക്കുള്ള പണവും കണ്ടെത്താനായി. എല്ലാ പ്രവർത്തനങ്ങളും കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ്റെ സഹായത്തോടെയാണ് നടക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ബോയ്സ് ഹോമിലുള്ളത്.
ഫാദർ.ഷിബു, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, അദ്ധ്യാപകർ എന്നിവർ സന്നിഹിതരായി. കോട്ടുവള്ളി പഞ്ചായത്ത് കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു വിദ്യാർത്ഥികൾക്ക് കൃഷി രീതികളെക്കുറിച്ച് പരിശീലനം നൽകി.