എറണാകുളം: സംസ്ഥാന സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ ജൂലൈ 26 മുതൽ 31 വരെ നടക്കും. ജില്ലയിൽ നിന്നും 2433 പഠിതാക്കൾ പരീക്ഷ എഴുതും. ഇതിൽ പ്ലസ് വൺ, പ്ലസ് ടു തലത്തിൽ ഫൈനൽ പരീക്ഷയും നടക്കും.
പ്ലസ്ടുവിന് 1250 പേരും പ്ലസ് വണ്ണിന് 1183 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1091 പുരുഷന്മാരും 1342 സ്ത്രീകളുമാണ് പരീക്ഷയെഴുതുന്നത്.
എസ്. ടി വിഭാഗത്തിൽ നിന്നും 4 പേരും എസ്.സി വിഭാഗത്തിൽ നിന്ന് 328 പേരും ഭിന്നശേഷി പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ജി.എച്ച്.എസ് ഇടപ്പള്ളി, ജി.വി.എച്ച്.എസ്.എസ് കളമശ്ശേരി, ജി.ജി.എച്ച്.എസ്.എസ്.ആലുവ, ജി.ജി.എച്ച്.എസ്.എസ് എറണാകുളം ഉൾപ്പടെ 19 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. 10 മുതൽ 12.45 വരെ പരീക്ഷ നടക്കും. ആശാ വർക്കർമാർ, പ്രീ പ്രൈമറി ടീച്ചർ മാർ , അംഗൻവാടി വർക്കർമാർ, ഹെൽപർമാർ , വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ് പഠനം പൂർത്തിയാക്കി പരീക്ഷക്ക് ഒരുങ്ങുന്നത്. 26 ന് മലയാളം, ഹിന്ദി, 22 ന് ഇംഗ്ലീഷ് , 28 ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 29 ന് ചരിത്രം, അക്കൗണ്ടൻസി ,30 ന് ഇക്കണോമിക്സ്, 31 ന് പൊളിറ്റിക്കൽ സയൻസ് എന്നിങ്ങനെയാണ് പരീക്ഷ.