പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം ( WIPR) 10 ൽ കൂടുതലായ അലനല്ലൂർ, ആലത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവിട്ടത്.
സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകൾക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് ആർ.ആർ.ടി, വളണ്ടിയർമാർ എന്നിവരുടെ സേവനം ഗ്രാമ പഞ്ചായത്തുകൾ ഉറപ്പാക്കി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കേണ്ടതാണ്. ഇവിടെ അവശ്യ സേവനങ്ങൾക്കും ആശുപത്രി യാത്രകൾക്കും അല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.