ദേശീയ പൊതു നിയമ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ സംസ്ഥാന ഭക്ഷ്യ ഭദ്രത കമ്മീഷന്‍ അംഗം എത്തി. എം. വിജയലക്ഷ്മിയാണ് വിദ്യാര്‍ത്ഥികളെ കാണാന്‍ വെള്ളിയാഴ്ച്ച കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തിയത്.

മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനുളള എല്ലാ സഹായസഹകരണങ്ങളും സംസ്ഥാന ഭക്ഷ്യ ഭദ്രത കമ്മീഷന്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടെ ഉറപ്പാക്കുമെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. വിദ്യാര്‍ത്ഥികളെ നേരിട്ട് കണ്ട് അനുമോദിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാറും മറ്റ് കമ്മീഷന്‍ അംഗങ്ങളും അടുത്ത ദിവസങ്ങളില്‍ ജില്ലയിലെത്തുമെന്നും അവര്‍ പറഞ്ഞു.

ജില്ലയിലെ ഒമ്പത് ആദിവാസി വിദ്യാര്‍ത്ഥികളാണ് ഇത്തവണ ദേശീയ പൊതു നിയമ പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് നേടിയത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘നിയമ ഗോത്രം’ പരിശീലന പദ്ധതിയിലൂടെയാണ് ഇവര്‍ പ്രവേശന പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ചത്. 27 വിദ്യാര്‍ത്ഥികളാണ് പ്രത്യേക പരിശീലന പദ്ധതിയില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒരാള്‍ മാത്രമായിരുന്നു പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്.