ആറന്മുള മണ്ഡലത്തില്‍ അവശേഷിക്കുന്ന തരിശുപാടങ്ങളില്‍ കൂടി കൃഷിയിറക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള മണ്ഡലം തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കൂഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തരിശുനിലങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പുതിയതായി കൃഷിയിറക്കേണ്ട പാടശേഖരങ്ങളില്‍ വേണ്ട അടിയന്തിര സൗകര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസത്രജ്ഞന് ഡോ. മനോജ് മാത്യു ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം ശോശാമ്മ, കൃഷി ഓഫീസര്‍മാര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.