*മാനന്തവാടി ക്യാമ്പസ്സിൽ ജന്തു ശാസ്ത്ര വിഭാഗം, മെൻസ് ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു*
വയനാട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ തോതിൽ ശാക്തീകരിച്ച് വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിൽ ജന്തു ശാസ്ത്ര വിഭാഗം, മെൻസ് ഹോസ്റ്റൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
കാലത്തിനനുസരിച്ച് പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക, അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്തുക, സാമൂഹിക നീതി ഉറപ്പുവരുത്തുന്ന തലത്തിലുള്ള വിദ്യാഭ്യാസനയം എന്നിവയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഊന്നൽ നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്സുകൾ ആരംഭിച്ചു. ബിരുന്താനന്തര കോഴ്സ്കളിൽ സീറ്റുകൾ വർധിപ്പിച്ചു. അക്കാദമിക് നിലവാരം ഉയർത്തുക, ഗവേഷണത്തിന് കൂടുതൽ അവസരം നൽകുക തുടങ്ങിയ ഒട്ടനവധി പദ്ധതികളാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
കേരത്തിലെ ഏക മൾട്ടി ക്യാമ്പസ് സർവകലാശാലയായ കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് 1996ൽ ടീച്ചർ എഡ്യൂക്കേഷൻ സെന്ററായി തുടങ്ങി. ജന്തു ശാസ്ത്ര പഠന വിഭാഗം, ഗ്രാമീണ ഗോത്ര വർഗ്ഗ പഠന കേന്ദ്രം, സസ്യ ശാസ്ത്ര പഠന വിഭാഗവുമായി പ്രാദേശിക ക്യാമ്പസ്സിന്റെ പൂർണതയിലെത്തിയിരിക്കുകയാണ്. കേരള സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 4 കോടി രൂപ ചെലവിൽ ജന്തു ശാസ്ത്ര പഠന വിഭാഗവും യു. ജി. സി ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവിൽ മെൻസ് ഹോസ്റ്റൽ കെട്ടിടവും ആണ് ഉദ്ഘാടനം ചെയ്തത്. 23 ആൺകുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന അറ്റാച്ചഡ് ഹോസ്റ്റലാണിത്. ഇതുവരെ സോഷ്യോളജി വിഭാത്തിലെ കെട്ടിടമായിരുന്നു ജന്തു ശാസ്ത്ര പഠന വകുപ്പ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലെക്ക് മാറുന്നത്തോടെ വകുപ്പിന് കൂടുതൽ സൗകര്യങ്ങളാകും.
പ്രാദേശിക ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, മാനന്തവാടി ക്യാമ്പസ് ഡയറക്ടർ പി. കെ. പ്രസാദൻ, എടവക ഗ്രാമ പഞ്ചായത്ത് അംഗം ഷറഫുന്നിസ തുടങ്ങിയവർ പങ്കെടുത്തു.