എറണാകുളം : കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തേവര -പേരണ്ടൂർ കനാലിന്റെ ആരംഭ ഭാഗമായ പേരണ്ടൂർ ഭാഗത്തെ ഖര മാലിന്യങ്ങൾ നീക്കം ചെയ്തു. കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു.
പൊതുജന പങ്കാളിതത്തോട് കൂടിയും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായും കൂടുതൽ തോടുകളും കനാലുകളും ശുചീകരിക്കുകയും തോടുകളിലെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അയ്യങ്കാളി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പശ്ചിമ കൊച്ചിയുടെ ഭാഗമായുള്ള കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും.
ജില്ലയിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മാലിന്യ നിക്ഷേപം ബോധ്യപ്പെട്ട സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്യും. കനാലുകളിലേക്ക് തുറക്കുന്ന രീതിയിൽ ഉള്ള മാലിന്യ കുഴലുകൾ എത്രയും വേഗം നീക്കം ചെയ്യാനും ജല സേചന വകുപ്പ് നോട്ടീസ് നൽകുകയും ചെയ്യും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ ചെയർമാൻ ബാജി ചന്ദ്രൻ, കോർപറേഷൻ കൗൺസിലർമാർ, ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തികൾ നേരിട്ട് വിലയിരുത്തി.