അതിഥി ദേവോ ഭവ ബ്ലോക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്താദ്യമായി അതിഥി തൊഴിലാളികള്‍ക്കായി ചികിത്സക്ക് അതിഥി ദേവോ ഭവ ബ്ലോക്കുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് ഈ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി താലൂക്കാശുപത്രിയില്‍ സ്ഥാപിക്കുന്ന പ്രത്യേക ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കേരളത്തിലുള്ള എല്ലാവര്‍ക്കും ഒരേ പോലെയുള്ള ചികിത്സയാണ് നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് എല്ലാ പരിഗണനയും ഇവിടെ നല്‍കുന്നുണ്ട്. എന്നാല്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നതോടെ അവര്‍ക്കാവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങള്‍ കൂടി ഒരുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി എം കെയര്‍ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജില്‍ ഐസിയു, വാര്‍ഡ് എന്നിവ നിര്‍മ്മിച്ചത്. ഏഴ് കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും അടങ്ങുന്ന ഐ സി യു, 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് എന്നിവയാണ് സജ്ജീകരിച്ചത്. ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ ഐസിയുവും 704ല്‍ വാര്‍ഡുമാണ് പ്രവര്‍ത്തിക്കുക.
പഴയങ്ങാടി താലൂക്കാശുപത്രിയില്‍ 75 ലക്ഷം രൂപ ചെലവില്‍ 17 കിടക്കകളോട് കൂടിയ പ്രത്യേക വാര്‍ഡാണ് ഒരുക്കുന്നത്. 2400 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇരുപത് ലക്ഷം രൂപ ചിലവില്‍ ഉപകരണങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍ എന്നിവയും സജ്ജീകരിക്കും. അടുത്ത ഘട്ടത്തില്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും. ഒന്നരക്കോടിയോളം രൂപയാണ് കണക്കാക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി.