*ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്-ഷെല്‍റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും അന്തസ്സുറ്റ ജീവിതം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി വിവിധ മേഖലകളില്‍നിന്നു സഹായങ്ങള്‍ തേടിവരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്- ഷെല്‍റ്റര്‍ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാിക്കുകയായിരുന്നു മന്ത്രി.
അന്തസ്സുറ്റ രീതിയില്‍ അധ്വാനിച്ച് ജീവിക്കാന്‍ അടിസ്ഥാനപരമായി വിദ്യാഭ്യാസം ആവശ്യമാണ്. അക്ഷരം പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍െപ്പട്ടവര്‍ക്ക് നാല്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ തത്തുല്യ പരീക്ഷകള്‍ നടത്തി തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സാക്ഷരതാമിഷന്റെ നടപടി അഭിനന്ദനീയമാണ്. പത്താംതരം വരെ തുടര്‍ വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് പ്രതിമാസം ആയിരം രൂപയും ഹയര്‍ സെക്കന്‍ഡറി  തുല്യതാ പഠനം നടത്തുന്നവര്‍ക്ക് 1250 രൂപയും രൂപയും ഈ വര്‍ഷം മുതല്‍ സാമൂഹിക നീതി വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കും. തുടര്‍വിദ്യാഭ്യാസം നേടുന്നവര്‍ക്കായി ആരംഭിക്കുന്ന അഭയകേന്ദ്രങ്ങളില്‍ അന്തേവാസികള്‍ക്കു താമസവും ഭക്ഷണവും സൗജന്യമാണ്.
പല കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍. ട്രാന്‍സ് ജെന്‍ഡറാണെന്നറിഞ്ഞപ്പോള്‍ വീട്ടകാരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍പോലും ഇക്കൂട്ടത്തിലുണ്ട്. കുടുംബ പരമായ അവകാശങ്ങള്‍ നേടിയെടുക്കന്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും പൊതുസമൂഹം തയ്യാറാവണം. സ്ത്രീകളെപ്പോലും രണ്ടാംതരം പൗരന്മാരായിക്കാണുന്ന സാമൂഹ്യാവസ്ഥ മാറണം.
സര്‍ക്കാര്‍ രൂപംകൊടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡിന്റെയും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായി മുന്നോട്ടു പോകുകയാണ്. ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി സഹകരണസംഘങ്ങള്‍ ആരംഭിക്കാനും സഹകരണവകുപ്പ് അനുമതി നല്‍കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ജെ. വിജയമ്മ,
കെ. അയ്യപ്പന്‍ നായര്‍, കേരള ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ശ്യാമ എസ് പ്രഭ തുടങ്ങിയവര്‍ സംബന്ധിച്ചു.