അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമപരമായ കുരുക്കുകൾ പരമാവധി ഇല്ലാതാക്കി ഉടമസ്ഥാവകാശം അർഹതപ്പെട്ടവർക്ക് നൽകും. ഇതിനായുള്ള പ്രവർത്തനം വേഗത്തിൽ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപനം ആനയറ അരശുംമൂട്ടിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇടതുപക്ഷ സർക്കാർ ഓരോന്നായി പ്രാവർത്തികമാക്കി വരികയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടാനുള്ള കടലാസ് മാത്രമല്ല പ്രകടനപത്രികയെന്ന് സർക്കാർ ഓരോദിവസവും മാതൃകാപരമായ പ്രവർത്തനത്തിലൂടെ കാട്ടിത്തരികയാണെന്നും റവന്യൂ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, യുവതി യുവാക്കൾക്കായി പരിശീലന കേന്ദ്രം, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, വാർഡ് കൗൺസിലർമാരായ ശോഭാറാണി, എം. എ. കരിഷ്മ, എൻ. അജിത് കുമാർ, എസ്. സുരേഷ്കുമാർ, കടകംപള്ളി സുകു, എസ്. മോഹനൻ, ഹൗസിങ് ബോർഡ് ചീഫ് എൻജിനീയർ രാജീവ് കരിയിൽ, തഹസിൽദാർ ജി.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.