ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻസ് കൗൺസിലിംഗ് സെൽ നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി പുസ്തക രൂപത്തിൽ തയ്യാറാക്കിയ പരീക്ഷാ പഠന സഹായി പ്രകാശനം ചെയ്തു. ഹ്യുമാനിറ്റീസ് വിഭാഗത്തിനാണ് ഒന്നാം ഘട്ടത്തിൽ പഠന സഹായി വിതരണം ചെയ്യുന്നത്. കൊമേഴ്സ്, സയൻസ് വിഭാഗങ്ങൾക്കും നൽകും. മാനസികമായി പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ഉന്നമനത്തിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിൽ 1820 കുട്ടികളെയാണ് ജില്ലയിൽ കണ്ടെത്തിയത്. ഇവരുടെ വീടുകളിൽ അധ്യാപകർ നേരിട്ട് സന്ദർശനം നടത്തി മാനസിക പിന്തുണയും നൽകി വരുന്നുണ്ട്. പഠന സഹായി നിർമ്മാണ ശില്പശാല നടത്തിയാണ് പരീക്ഷാ പഠന സഹായി നിർമ്മിച്ചത്. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടു വിദ്യാലയം എന്ന ശാക്തീകരണ പദ്ധതിയും ഉടൻ തുടങ്ങും.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ കെ. പ്രസന്ന പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ബീന ജോസ്, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർമാർ, ഡി.ഡി.ഇ കെ.വി. ലീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ. ഫിലിപ്പ്, ജില്ലാ കൺവീനർ കെ.ബി. സിമിൽ, കരിയർ ഗൈഡൻസ് ജോയിൻ്റ് കോർഡിനേറ്റർ മനോജ് ജോൺ, റിസോഴ്സൺ പേഴ്സൺമാരായ ജിനീഷ് മാത്യു, വി.പി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.