പാലക്കാട്‌: ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ വീടുകളിലെ മാലിന്യവും പരിസരങ്ങളിലെ പാഴ്‌ച്ചെടികളും വരുമാനമാര്‍ഗമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് കുലുക്കപ്പാറയില്‍ നിര്‍മ്മിച്ച ക്ലീന്‍ കൊഴിഞ്ഞാമ്പാറ ജൈവവള നിര്‍മ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും പൊതുവഴികളുടെ ഇരുവശങ്ങളിലുമുള്ള പാഴ്‌ച്ചെടികളും പായലും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വെര്‍മി കമ്പോസ്റ്റും വെര്‍മിവാഷും നിര്‍മ്മിക്കുന്നതിലൂടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനവും വിളവും ലഭിക്കും. പാഴ്‌ച്ചെടികളും കളകളും ഇപ്രകാരം ഉപയോഗിക്കുന്നതിലൂടെ കൃഷിയിടങ്ങളില്‍ പന്നികളുടെ ശല്യം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. വെര്‍മി കമ്പോസ്റ്റ്, വെര്‍മിവാഷ് എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ഓരോ കുടുംബങ്ങളുടെയും ആവശ്യം കണ്ടറിഞ്ഞ് വരുമാനമാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ചെലവു കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി മൈക്രോ ലെവല്‍ പ്ലാനിങ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി സോളാര്‍ വൈദ്യുതി പ്രയോജനപ്പെടുത്തി വൈദ്യുതി ബില്‍ ലാഭിക്കാനും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധന ചെലവ് കുറയ്ക്കാനും സോളാര്‍ കുക്കര്‍ ഉപയോഗിക്കുന്നതിലൂടെ പാചക ചെലവ് കുറയ്ക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ജൈവവള നിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമാക്കിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.

പരിപാടിയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സതീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം നിലാവര്‍ണ്ണീസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വനജ കണ്ണന്‍, അല്‍ദോ പ്രഭു, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.