മലപ്പുറം: യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിമുറിയൊരുങ്ങി.
മൂര്‍ക്കനാട് മൃഗാശുപത്രിക്ക് സമീപമമൊരുക്കിയ ശുചിമുറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രശ്മി നാടിന് സമര്‍പ്പിച്ചു. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം.
ഹരിത കേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക സൗകര്യങ്ങളോടെ 100 പുതിയ സമുച്ചയങ്ങളാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് ഒരുക്കുന്നത്. മൂര്‍ക്കനാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍, സ്ഥിരം സമിതി അധ്യക്ഷരായ ലക്ഷ്മി ദേവി, ദീപ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമുഹമ്മദ്, ശ്രീകല, ഷാഹിന, സജീഷ്, മുന്‍ മെമ്പര്‍ രാജ്‌മോഹന്‍, ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.