മാലിന്യ സംസ്ക്കരണത്തില്‍ മാതൃകയായി മേലൂര്‍ പഞ്ചായത്തിന്‍റെ മാലിന്യനിര്‍മാര്‍ജ്ജനം. വിനാശകാരിയായ പ്ലാസ്റ്റിക് മാലിന്യം തുടച്ചുമാറ്റുന്നതിന് ജനപ്രതിനിധികള്‍ രൂപം നല്‍കിയ പദ്ധതിക്ക് എല്ലാവിഭാഗം ജനങ്ങളും വലിയ പിന്തുണയാണ് നല്‍കുന്നത്. ചെറിയരീതിയിലാണ് അജൈവമാലിന്യ സംസ്ക്കരണപരിപാടി ആരംഭിച്ചതെങ്കിലും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍നിന്നും വെറും നാലു മണിക്കൂറുകൊണ്ട് മുഴുവന്‍ മാലിന്യങ്ങളും ശേഖരിക്കാന്‍ സാധിച്ചു എന്നത് നേട്ടമായി. മുന്നൊരുക്കമായി എല്ലാവീടുകളിലും പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് ലഘുവിവരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആവശ്യകത, മാലിന്യം ശേഖരിക്കാന്‍ വരുന്ന ദിവസം എന്നീ വിവരങ്ങളടങ്ങിയ നോട്ടീസ് വിതരണം, ഒപ്പുശേഖരണം എന്നിവ നടത്തി. മെയ് 26ന് രാവിലെ ആംഭിച്ച അജൈവമാലിന്യ ശേഖരണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്തിലെ മറ്റു തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 4 മണിക്കൂറിനുള്ളില്‍ 90 ലോഡ് മാലിന്യം ശേഖരിച്ചു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി 112 കേന്ദ്രങ്ങളിലായാണ് മാലിന്യം ശേഖരിച്ചത്.ശുചീകരണപ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്താനായി. ഉറവിടത്തില്‍ നിന്നുതന്നെ ശേഖരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് അജൈവമാലിന്യങ്ങളെ മുഴുവനായി ശേഖരിച്ചത്. പ്ലാസ്റ്റ്ക് ബോട്ടിലുകള്‍, കവറുകള്‍, ചില്ലു കുപ്പികള്‍, ഇ -വേസ്റ്റ് എന്നിവ പ്രത്യേകം തരംതിരിച്ച് സംസ്ക്കരണ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഈ മാലിന്യങ്ങളെ തരംതിരിക്കുന്നതിന് 750 തൊഴില്‍ ദിനങ്ങള്‍ വേണ്ടിവരും.അജൈവമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ തുടര്‍നടപടിയായി എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും സംഭരണ പാത്രങ്ങള്‍ നല്‍കുകയും വേര്‍തിരിച്ച മാലിന്യങ്ങള്‍ ചെറിയ തുക ഈടാക്കി പഞ്ചായത്ത് സ്വീകരിക്കുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനായി ഒരു പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് യൂണിറ്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.
ജൈവമാലിന്യ സംസ്ക്കരണത്തിന് എക്കാലത്തും പ്രാധാന്യം നല്‍കിയിരുന്ന പഞ്ചായത്ത് എല്ലാ പദ്ധതികളിലും കംപോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്‍റുകള്‍ എന്നിവ വീടുകള്‍ക്ക് നല്‍കുകയും ജൈവവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജൈവവളങ്ങള്‍ ഉപയോഗിച്ച് ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നതിനായി പഞ്ചായത്തിന്‍റെ കോമ്പൗണ്ടില്‍ തന്നെ പച്ചക്കറി വിപണനകേന്ദ്രവും നടത്തുുണ്ട്. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ അസൗകര്യങ്ങള്‍ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ വീടുകളില്‍ നേരിട്ടുചെന്നും പച്ചക്കറികള്‍ ശേഖരിക്കാനുള്ള സംവിധാനവും ഉണ്ട്.