കൊച്ചി: കുട്ടമ്പുഴ ആദിവാസി ഊരില്‍ ഇനി ചെറിയ രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ മണിക്കൂറുകള്‍ താണ്ടേണ്ടതില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലി മേട്ടില്‍ പുതിയ സിദ്ധ ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിലെ തേര, വാരിയം, തലവച്ചുപാറ, കുഞ്ചിപ്പാറ തുടങ്ങിയ പട്ടികവര്‍ഗ്ഗ കോളനികളിലായി 270 ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ ചികിത്സയ്ക്കായി സമീപിക്കുന്നത് കിലോമീറ്ററുകള്‍ അകലെയുള്ള കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തേയും കോതമംഗലം താലൂക്ക് ആശുപത്രിയേയുമാണ്. വന മേഖയിലൂടെ കാല് നടയായി മണിക്കൂറുകള്‍ കഴിഞ്ഞാണ് രോഗമുള്ളവര്‍ പോലും ആശുപത്രിയിലെത്തുന്നത്. മഴക്കാലത്തെ സ്ഥിതി ഇതിലും ദയനീയമാണ്. പൂയംകുട്ടി പുഴയില്‍ വെള്ളം നിറയുന്നതോടുകൂടെ ഇതു വഴിയുള്ള കടത്തും നില്ക്കും. ആദിവാസി ഊരിലെ ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാവുകയാണ് സിദ്ധ ഡിസ്പെന്‍സറി.
കോളനി നിവാസികളുടെ ഈ അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രദേശത്ത് സിദ്ധവൈദ്യം ആരംഭിക്കുന്നതിന്റെ ആവശ്യകതയേയും സാദ്ധ്യതയേയും കുറിച്ച് കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചിരുന്നു. ഇത് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുകയും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെ സിദ്ധ ആശുപത്രി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു.
ഒരു ഡോക്ടറും അറ്റന്ററും ഉള്‍പ്പെടെ രണ്ട് സ്റ്റാഫ് ആണ് തുടക്കത്തില്‍ ഡിസ്പെന്സറിയില് ഉള്ളത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് ഒ.പി. സമയം. ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തത് ആന്റണി ജോണ്‍ എംഎല്‍എയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
