ടാങ്ക് നിര്‍മാണത്തിനുള്ള 30 സെന്റ് ഭൂമി ഏറ്റെടുത്തു

വികസന കാര്യങ്ങളില്‍ വേര്‍തിരിവ് ഇല്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. താനൂര്‍ സമഗ്ര കുടിവെള്ള പദ്ധതിക്ക് കുന്നുംപുറത്ത് ടാങ്ക് നിര്‍മാണത്തിനുള്ള 30 സെന്റ് ഭൂമിയുടെ രേഖാ കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താനൂര്‍ നിയോജക മണ്ഡലത്തില്‍ 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം ജനങ്ങളോടും ചേര്‍ന്നുനിന്ന് സമഗ്ര വികസനം ലക്ഷ്യമിടുകയാണ് കേരള സര്‍ക്കാര്‍. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി കുടിവെള്ള പദ്ധതിക്കായി 1000 കോടിയാണ് അനുവദിച്ചത്. അതില്‍ 300 കോടിയും താനൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതിക്കാണ് വിനിയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 95 കോടി രൂപ ചെലവില്‍ ചെറിയമുണ്ടത്ത് പ്രധാന ടാങ്ക്, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും തൃപ്രങ്ങോട് പഞ്ചായത്തിലെ കോളനിക്കടവിലുള്ള പമ്പ് ഹൗസും പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ആരംഭിക്കാത്ത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കിഫ്ബി തീരുമാനിച്ച സാഹചര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും, അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് ഭൂമി വിലയ്ക്ക് വാങ്ങി സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു.

താനൂര്‍ വ്യാപാരഭവനില്‍ നടന്ന ഭൂമിയുടെ രേഖാ കൈമാറ്റച്ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംങ് എഞ്ചിനീയര്‍ വി പ്രസാദ് മന്ത്രിയില്‍ നിന്നും രേഖകള്‍ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, കൗണ്‍സിലര്‍മാരായ ഇ കുമാരി, രുഗ്മിണി സുന്ദരന്‍, സുചിത്ര സന്തോഷ്, റൂബി ഫൗസി, ആരിഫ സലിം, കെ ജനചന്ദ്രന്‍, എ.പി സുബ്രഹ്‌മണ്യന്‍, കെ ടി ശശി, എപി സിദ്ധീഖ്, പി വി വേണുഗോപാലന്‍, കുമാരന്‍, ഹംസു മേപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി ടി അക്ബര്‍ സ്വാഗതവും, ജല അതോറിറ്റി അസി.എക്‌സി.എഞ്ചിനീയര്‍ പ്രദീപ് ചന്ദ്ര നന്ദിയും പറഞ്ഞു.