അച്ഛന്റെ അധ്വാനത്തിന്റെ ഫലമായ പത്ത് സെന്റിന് കാത്തിരിപ്പിനൊടുവില്‍ പട്ടമായതിന്റെ സന്തോഷത്തിലാണ് പൊന്നാനി ഒതളൂര്‍ കോലിക്കരയിലെ തെക്കേക്കര വീട്ടില്‍ സുരേഷും കുടുംബവും. അച്ഛന്‍ രാമന്‍ ജോലിക്കാരനായിരുന്ന വീട്ടിലെ ഉടമസ്ഥനില്‍ നിന്നാണ് പത്ത് സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. പത്ത് സെന്റ് ഭൂമിയ്ക്കുള്ള വില അധ്വാനിച്ചുകിട്ടുന്ന പണത്തില്‍ നിന്നായി പലപ്പോഴായി നല്‍കുകയായിരുന്നു. സുരേഷും മാതാവ് ജാനകിയും അടങ്ങുന്ന കുടുംബം ഈ പത്ത് സെന്റ് സ്ഥലത്തുണ്ടാക്കിയ വീട്ടിലാണ് കാലങ്ങളായി താമസിക്കുന്നത്.

അച്ഛന്‍ രാമന്‍ മരിച്ചതിന് ശേഷമാണ് പത്ത് സെന്റ് ഭൂമിയ്ക്ക് പട്ടയമില്ലെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്നാണ് പട്ടയത്തിനായുള്ള പരിശ്രമം സുരേഷും കുടുംബവും തുടങ്ങുന്നത്. 2015 ലാണ് മലപ്പുറം കലക്ടറേറ്റില്‍ പട്ടയത്തിനായി അപേക്ഷ നല്‍കുന്നത്. പല തവണ സിറ്റിങില്‍ ഹാജരായെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം തീരുമാനമായില്ല. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയ മേളയിലേക്ക് അപേക്ഷ പരിഗണിക്കുകയും പട്ടയം അനുവദിക്കുകയുമായിരുന്നു. മാതാവ് ജാനകിയും സുരേഷും ഭാര്യ രതിയും കുട്ടികളും സുരേഷിന്റെ സഹോദരങ്ങളും കുടുംബവും ഉള്‍പ്പെടെ 14 പേരാണ് പട്ടയം ലഭിച്ച സ്ഥലത്തെ വീട്ടിലെ താമസക്കാര്‍. തന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി സര്‍ക്കാര്‍ പട്ടയം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് പറഞ്ഞു.