വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുറഹ്മാന്‍ രചിച്ച ‘വായനാ, പഠനം, ജീവിതം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ.ഷാഫിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. വായന, പ്രസംഗം, നേതൃഗുണം, പരീക്ഷാപേടി, തീവ്രവാദം എന്ന ആപത്ത്, ആരോഗ്യശീലം, മുലയൂട്ടല്‍, ബാലവേല, ദിനാചരണങ്ങള്‍ തുടങ്ങിയ ഇരുപതോളം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. വായന ദിനവുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാസര്‍കോട് ജില്ലയില്‍ 11 വര്‍ഷം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സേവനം അനുഷ്ടിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളും കോര്‍ത്തിണക്കിയാണ് താന്‍ ഈ പുസ്തകം രചിച്ചിരിക്കുന്നതെന്ന് പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ കെ.അബ്ദുറഹ്മാന്‍ പറഞ്ഞു. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷതവഹിച്ചു. മുതിര്‍ മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രെഫ.എ.ശ്രീനാഥ, നാരായണന്‍ പേരിയ, ഗോവിന്ദന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ സ്വാഗതവും കെ.വി രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.