ജില്ലയിലെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസിന് പാലായില്‍
ഹൃദ്യമായ സ്വീകരണം. പരീക്ഷണ അടിസ്ഥാനത്തില്‍ പാലായില്‍ നിന്ന് സര്‍വ്വീസ്
ആരംഭിച്ച ബസ് കെ. എം. മാണി എം.എല്‍.എ ഫ്‌ളാഗ് ഓഫ ്‌ചെയ്തു. മലീനീകരണം
ഇല്ലാത്തതും ശബ്ദരഹിതവും പ്രകൃതി സൗഹൃദവും വേഗത കൂടിയതുമായ ഈ ബസ് ഒട്ടേറെ
ഗുണങ്ങള്‍ നിറഞ്ഞതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷണ ഓട്ടം
വിജയിച്ചാല്‍ ഇലക്ട്രിക് ബസ് പാലായില്‍ നിന്നും സര്‍വ്വീസ് തുടങ്ങും.
പാലാ സ്റ്റാന്‍ഡില്‍ നിന്നും കൊട്ടാരമറ്റം വരെ അദ്ദേഹം ബസില്‍ യാത്ര
ചെയ്തു.
പാലായില്‍ നിന്ന് കോട്ടയത്തേക്കായിരുന്നു ബസിന്റെ ആദ്യ പരീക്ഷണ
സര്‍വ്വീസ്. എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ,തൊടുപുഴ വഴിയാണ് ബസ്
പാലായിലെത്തിയത്. കോട്ടയത്ത് നിന്ന് ബസ് തിരിച്ച് എറണാകുളത്തേക്ക്
മടങ്ങിപ്പോയി. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്
എന്നിവിടങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം നടത്തിയത്.
പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ഹ്രസ്വദൂരത്തില്‍ പാലാ ഡിപ്പോയില്‍ നിന്ന്
സര്‍വ്വീസ് നടത്തിയേക്കും. റൂട്ട് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പിന്നീട്
തീരുമാനിക്കും. നാല് മണിക്കൂര്‍ ബസിന്റെ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 240
കിലോമിറ്ററോളം ഓടും. 37 പേര്‍ക്കാണ് ബസില്‍ ഇരുന്ന് യാത്ര ചെയ്യാനാവുക.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടക്കല്‍, പാലാ നഗരസഭ വികസന
കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസി ജോസ്, പാലാ എ.റ്റി.ഒ
ഷിബു, ജനപ്രതിനിധികള്‍,കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു.
