ഇംഗ്ലീഷ് ഭാഷ അനായാസമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് ആറന്മുള എം.എല്‍.എ വീണജോര്‍ജ്ജ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള ഹലോ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ \ിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. നമ്മുടെ ചിന്താഭാഷ മലയാളമാണ് അമ്മയെ അറിയുമെങ്കില്‍ ബഹുമാനിക്കുമെങ്കില്‍ ഏത് ഭാഷയും അനായാസം പഠിക്കാം. യെസ് വി കാന്‍ എന്നതാകണം നമ്മുടെ ലക്ഷ്യം. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധനവുണ്ടായി. ആളുകളുടെ ചിന്താഗതി മാറിയതിന്റെ പ്രതിഫലനമാണിതെന്നും എം.എല്‍.എ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിര്‍ണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹലോ ഇംഗ്ലീഷ് ജേര്‍ണല്‍ പ്രകാശനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ നിര്‍വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറി ചെയര്‍പേഴ്‌സണ്‍ ലീല മോഹന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം സാം ഈപ്പന്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാലി തോമസ്, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ ഗോപി, എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ ഹരികുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി. ഉഷ , എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി , ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു, ഹെഡ്മിസ്ട്രസ് ടി.വി രമാദേവി, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.