കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷികയന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാടുവെട്ടി യന്ത്രം, തെങ്ങു കയറ്റ യന്ത്രം, ചെയിന്‍സോ, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്ഡന് ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറു നടീല്‍ യന്ത്രം, നെല്ല് കുത്ത് മില്ല് , ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് മുതലായവ നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡിയോടു കൂടി പദ്ധതിയില്‍ ലഭ്യമാണ്.
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് / ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെയും കാര്‍ഷിക ഉത്പന്ന സംസ്കരണ / മൂല്യവര്‍ദ്ധന യന്ത്രങ്ങള്‍ക്ക് / ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭ്യമാണ്. കൂടാതെ അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ പരമാവധി 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം.
ഇതിനായി https://agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള കൃഷിഭവനിലോ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം.