അഷ്ടമുടി കായല്‍ സംരക്ഷണം, ആവാസവ്യവസ്ഥ സംരക്ഷിക്കല്‍ എന്നിവയുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് നടക്കുന്ന അഷ്ടമുടിക്കായല്‍ ശുചീകരണ യജ്ഞത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളി, മണല്‍വാരല്‍, കക്ക വാരല്‍ തൊഴിലാളി സംഘടനകള്‍, വ്യാപാരി വ്യവസായി റോട്ടറി സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
വിവിധ കോളേജുകളിലെ എന്‍.എസ്.എസ്, എന്‍. സി.സി., എസ്. പി. സി. കേഡറ്റുകളും പരിപാടിയുടെ ഭാഗമാകും. മേയറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
