ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സാധ്യതകളുടെ വാതില്‍ തുറന്ന് ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന് സമീത്തുള്ള ചിറയിലാണ് വിപുലമായ ടൂറിസം പദ്ധതി സജ്ജമായിരിക്കുന്നത്. ചിറയുടെ മാത്രം വിസ്തൃതി 28 ഏക്കറിലധികം വരും.
ബോട്ടിംഗാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കൂട്ടികള്‍ക്കായുള്ള പാര്‍ക്ക്, ലഘു ഭക്ഷണ കൗണ്ടറുകള്‍, മരങ്ങള്‍ക്ക് ചുറ്റിനുമുള്ള ഇരിപ്പിടങ്ങള്‍,  പടവുകള്‍, വിശ്രമ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. വിശാലമായ വാഹന പാര്‍ക്കിംഗ് സ്ഥലവുമുണ്ട്.
ജി. എസ് ജയലാല്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും ടൂറിസം വകുപ്പിന്റെ ഫണ്ടുമാണ് ഇതിനായി വിനിയോഗിച്ചത്. ജില്ലാ  ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു.
തിരുവോണത്തിന് മുന്‍പ് പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. രണ്ടാം ഘട്ടമായി പദ്ധതി വിപുലീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് പറഞ്ഞു.