ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ കോഡൂരില്‍ ഇ-താങ്ങ് പദ്ധതി യാഥാര്‍ഥ്യമായി
ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി കോഡൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് റീചാര്‍ജ്ജ് ചെയ്തു നല്‍കുന്ന ‘ഇ-താങ്ങ്’ പദ്ധതിക്ക് കോഡൂരില്‍ തുടക്കമായി. കായിക, ഹജ്ജ്, വഫഖ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പദ്ധതി വിദ്യാര്‍ഥികള്‍ക്കായി സമര്‍പ്പിച്ചു.
വികസനത്തിലും ക്ഷേമത്തിലും ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയായി മാറിയെന്ന് മന്ത്രി പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമങ്ങള്‍ എന്ന രാഷ്ട്ര പിതാവ് മഹാത്മജിയുടെ സ്വപ്നം സംസ്ഥാനത്ത് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. ദരിദ്രരില്ലാത്ത ഗ്രാമ പഞ്ചായത്തുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണ്. വിദ്യാര്‍ഥികളെ സഹായിക്കാന്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ‘ഇ-താങ്ങ്’ പദ്ധതി വ്യത്യസ്തവും മാതൃകാപരവുമാണ്. കൂട്ടായ്മയോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഡൂര്‍ ഗ്രാമ പഞ്ചായത്തിലുള്ള വിവിധ പൊതുമേഖലാ വിദ്യാലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനത്തിനായി സൗജന്യ ഇന്റര്‍നെറ്റ് റീച്ചാര്‍ജ്ജ് ഉറപ്പാക്കിയിരിക്കുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനം ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത്. അധ്യാപകര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും ആരോഗ്യ രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍, ആര്‍.ആര്‍.ടി സേവകര്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പഞ്ചായത്ത് നടപ്പാക്കുന്ന ബക്കറ്റ് കമ്പോസ്റ്റ് പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍. ഷാനവാസ് ഇ-താങ്ങ് പദ്ധതി വിശദ്ദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ റജുല പെലത്തൊടി, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സാദിഖ് പൂക്കാടന്‍, ജില്ലാ പഞ്ചായത്ത് അംഗം സലീന ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, വട്ടോളി ഫാത്തിമ, ഷിഹാബ് അരീക്കത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, ധനകാര്യസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.