നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതിന്റെ ആഹ്ലാദത്തിലാണ് നിലമ്പൂര്‍ മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍. വനത്തില്‍ കഴിയുന്ന പ്രാക്തന ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്‌കൂളുകളിലേക്ക് തിരികെ എത്തിയത്. പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.ജി.എം.എം.ആര്‍.എസ്, നിലമ്പൂര്‍ ബോയ്‌സ് ഹോസ്റ്റല്‍, മണിമൂളി, പൂക്കോട്ടും പാടം, പോത്തുകല്ല്, മമ്പാട് എന്നിവിടങ്ങളിലെ ഹോസ്റ്റലുകളും നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോസ്റ്റലും പ്രവര്‍ത്തനമാരംഭിച്ചു.

ഗോത്രവിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ എത്തിക്കുന്നതിന് ഐ.ടി.ഡി പിയുടെയും നിലമ്പൂര്‍ ബി.ആര്‍.സിയുടെയും നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ബദല്‍ സ്‌കൂളുകളിലെ 339 കുട്ടികളില്‍ 286 പേര്‍ ആദ്യ ദിവസം സ്‌കൂളിലെത്തി. കാട്ടുനായ്ക്കര്‍- ചോലനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഐ.ജി.എം എം.ആര്‍.എസില്‍ 49 കുട്ടികളാണ് ആദ്യദിനത്തിലെത്തിയത്. മാഞ്ചിരി, മുണ്ടക്കടവ്, അളക്കല്‍, പുഞ്ചക്കൊല്ലി, ഉച്ചക്കുളം, പാട്ടക്കരിമ്പ്, അപ്പന്‍കാപ്പ്, കുമ്പളപ്പാറ, ചെമ്പ്ര, തണ്ടന്‍കല്ല്, ഏട്ടപ്പാറ, പാലക്കയം, ഇടിഞ്ഞാടി, മേലെച്ചേരി, പുറ്റള, മുള്ളന്‍മട, ചേരിയം, വെണ്ണേക്കോട് തുടങ്ങി കോളനികളില്‍ നിന്നുള്ളവരാണ് ഐ.ജി.എം.എം.ആര്‍.എസിലെ വിദ്യാര്‍ഥികള്‍.

നിലമ്പൂര്‍ വനമേഖലയിലെ ഔട്ട് ഓഫ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട 34 വിദ്യാര്‍ഥികളാണ് ഷെല്‍ട്ടര്‍ ഹോസ്റ്റലില്‍ പ്രവേശനം നേടിയത്. ഷെല്‍ട്ടര്‍ ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥികളെ നഗരസഭാ ഉപാധ്യക്ഷ അരുമാ ജയകൃഷ്ണന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സ്‌കറിയ കിനാതോപ്പില്‍, ബിപിസി എം.മനോജ്കുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. നിലമ്പൂര്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലായി ഇവര്‍ പഠനം പൂര്‍ത്തിയാക്കും.